പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വീട്ടിൽ മദ്യശേഖരം; റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിൻ അറസ്‌റ്റിൽ

 


കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിൻ അറസ്‌റ്റിൽ. കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്‌ഥാനത്തെത്തി അബ്‌കാരി ആക്‌ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്‌സൈസ് വകുപ്പാണ് ആന്റോയെ അറസ്‌റ്റ് ചെയ്‌തത്‌.


ഇന്ന് പുലർച്ചെ 2.45ഓടെയാണ് വയനാട്ടിലെ എക്‌സൈസ് സംഘം ആന്റോയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. നിലവിൽ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ആന്റോയെ വയനാട്ടിലേക്ക് കൊണ്ടുപോവുകയാണ്.


ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ആന്റോ അഗസ്‌റ്റിന്റെ വസതികളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിനിടെയാണ് വയനാട് മീനങ്ങാടിയിൽ കാരാപ്പുഴ ഡാമിന് സമീപം വാഴവറ്റയിൽ ഉള്ള വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്.


പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നിർദ്ദേശപ്രകാരം കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യശേഖരം പിടികൂടിയത്. വ്യക്‌തിപരമായ ആവശ്യങ്ങൾക്കായി നിയമപരമായി കൈവശം വയ്‌ക്കാവുന്ന പരിധിയായ മൂന്ന് ലിറ്ററിലും അധികമായി വിദേശമദ്യവും മൂന്നര ലിറ്ററിൽ ഏറെ വൈനും വീട്ടിൽ സൂക്ഷിച്ചതായി കണ്ടെത്തിയ പശ്‌ചാത്തലത്തിൽ ഇതിന്റെ ഉറവിടത്തെ കുറിച്ചാണ് ആദ്യം അന്വേഷണം നടത്തുന്നതെന്ന് എക്‌സൈസ് വൃത്തങ്ങൾ പറഞ്ഞു.

67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ആറുമണിയോടെയാണ് അഗസ്‌റ്റിൻ സഹോദരൻമാരുടെ കുടുംബവീട്ടിലും റിപ്പോർട്ടർ ടിവി ആസ്‌ഥാനത്തും എസ്ഐടി പരിശോധന തുടങ്ങിയത്. 21 മണിക്കൂർ നീണ്ട റിപ്പോർട്ടർ ടിവിയിലെ എസ്ഐടി പരിശോധനക്കിടെ ന്യൂസ് ഡെസ്‌കിൽ പൊലീസ് അതിക്രമിച്ച് കടന്ന് മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും വാർത്താ സംപ്രേഷണം തടസപ്പെടുത്തുകയും ചെയ്‌തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.