ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനുള്ള സമയപരിധിയിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. ഇനി മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാം.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് പാചകവാതക വിതരണത്തിൽ നേരിട്ട കടുത്ത പ്രതിസന്ധിയും വിതരണ സമ്മർദ്ദവും കണക്കിലെടുത്തായിരുന്നു മുൻപ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവും കഴിഞ്ഞാൽ മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
എന്നാൽ നിലവിൽ രാജ്യത്തെ എൽപിജി വിതരണ ശൃംഖല പൂർവസ്ഥിതിയിലാവുകയും കെട്ടിക്കിടന്നിരുന്ന സിലിണ്ടർ ബുക്കിംഗുകൾ (റീഫിൽ ബാക്ക്‌ലോഗ്) ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾ നേരിട്ടിരുന്ന വലിയ കാത്തിരിപ്പിന് പുതിയ ഉത്തരവോടെ ആശ്വാസമാകും. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരും

