പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ടിക്കറ്റുണ്ടായിട്ടും രാത്രി ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു‌; യാത്രക്കാരിക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം




തിരുവനന്തപുരം∙ റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും അർധരാത്രി ട്രെയിനിൽനിന്ന് ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവത്തിൽ വനിതാ യാത്രക്കാരിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം. തുക നൽകാൻ റെയിൽവേയോട് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.


തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഒരു മാസത്തിനകം റെയിൽവേ നഷ്ടപരിഹാരം നൽകണം. ഇതിനൊപ്പം സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് അന്വേഷണം നടത്തി, തുക റെയിൽവേ ഈടാക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിലുണ്ട്. റെയിൽവേ ആക്ടിലെ സെക്‌ഷൻ 139 പ്രകാരം ഒറ്റയ്ക്കു യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അർധരാത്രി ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.


2023 ജൂലൈ 30 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ട്രെയിനിൽ വടക്കാഞ്ചേരിയിൽനിന്നു തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. എസ് 4 കംപാർട്ട്മെന്റിൽ 41-ാം നമ്പർ ബർത്ത് അനുവദിക്കപ്പെട്ട യാത്രക്കാരി ബർത്തിലെത്തുമ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചതായി മനസ്സിലാക്കി. പരാതിയുമായി ടിടിഇയെ കണ്ടപ്പോൾ തന്റെ ടിക്കറ്റ് വെബിൽ കാൻസൽ ചെയ്തിട്ടുള്ളതായി ടിടിഇ അറിയിച്ചു. താൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു നേരിട്ടെടുത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നത് എങ്ങനെയാണെന്നു ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല.


തുടർന്ന് 500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് അനുവദിക്കാമെന്ന് ടിടിഇ യാത്രക്കാരിയെ അറിയിച്ചു. എന്നാൽ യാത്രക്കാരിയുടെ കൈയിൽ പണമായി 500 രൂപ ഉണ്ടായിരുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ടിക്കറ്റ് കാൻസൽ ചെയ്തയാളുടെ വിവരങ്ങൾ ചോദിച്ചെങ്കിലും ടിടിഇ മറുപടി നൽകിയില്ല. അർധരാത്രിയായതിനാൽ ട്രെയിനിൽനിന്ന് ഇറക്കി വിടരുതെന്ന് അപേക്ഷിച്ചെങ്കിലും ടിടിഇ ചെവിക്കൊണ്ടില്ല. തുടർന്ന് ട്രെയിൻ ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർപിഎഫ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും അവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ കേസ് തെറ്റായി റജിസ്റ്റർ ചെയ്തതാണെന്നു മനസിലാക്കി റെയിൽവെ പിന്നീട് പിൻവലിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.