പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാസപ്പടിക്കേസ്; ഇഡിയുടെ കത്ത് വിജിലൻസിലേക്ക്, സർക്കാർ തീരുമാനം വൈകിയേക്കും

 



തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച കത്ത് വിജിലൻസിലേക്ക്.

അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട് പരിഗണിക്കേണ്ടത് വിജിലൻസാണെന്നാണ് പോലീസ് നിലപാട്. ഡിജിപി റിപ്പോർട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. വിജിലൻസിന് ഈ റിപ്പോർട് എപ്പോൾ കൈമാറണമെന്ന് തീരുമാനിക്കേണ്ടത് സംസ്‌ഥാന സർക്കാരാണ്.

നിയമോപദേശം തേടുമോ മുതലായ കാര്യങ്ങളിൽ മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിയാലോചനയിൽ തീരുമാനം എടുക്കുമെന്നാണ് വിവരം. വളരെ ഗുരുതരമായ കാര്യങ്ങളാണ് ഇഡി റിപ്പോർട്ടിലുള്ളത്. പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെളിവുകൾ സഹിതമാണ് ഇഡി കത്ത് നൽകിയത്.

പ്രതികളിൽ ഓരോരുത്തർക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം 25 പേജുള്ള റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്. മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയെന്നും ആ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബായിലേക്ക് അയച്ചുവെന്നും റിപ്പോർട്ടിലുണ്ട്. കൈക്കൂലി വാങ്ങാനും അത് മറ്റിടങ്ങളിലേക്ക് അയക്കാനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണ സഹായിച്ചു.

സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്തയാണ് കൈക്കൂലി നൽകിയത്. ഇതിന് പി. സുരേഷ് കുമാർ കൂട്ടുനിന്നു. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്‌റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് കൈക്കൂലിപ്പണം ട്രാൻസ്‌ഫർ ചെയ്‌തിരിക്കുന്നത്‌. ഷൈജൽ മുഹമ്മദ്, പി നിഖിൽ, ഹസൻ വാരിസ്, വിപി ഫൈജാസ്, എം നന്ദുലാൽ തുടങ്ങിയവരാണ് കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്റെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പിൽ നിന്ന് ലഭിച്ചുവെന്നും ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി ഇഡി പോലീസ് മേധാവിക്ക് കത്തയച്ചിരിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.