എസ്എസ്എൽസി പരീക്ഷയിൽ ജയിക്കാൻ ഓരോ വിഷയത്തിലും എഴുത്ത് പരീക്ഷയുടെ 30 ശതമാനം മാർക്ക് വേണമെന്ന നിബന്ധന പൊതു വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു.
‘മിനിമം മാർക്ക്’ വ്യവസ്ഥ ഈ അധ്യയന വർഷം നടപ്പാക്കില്ല. വിശദ പഠനത്തിന് ശേഷം അടുത്ത വർഷം മുതൽ നടപ്പാക്കാനാണ് ആലോചന. അതേസമയം 8, 9 ക്ലാസുകളിൽ അടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മിനിമം മാർക്ക് രീതി നടപ്പാക്കിയത് തുടരും.
ഈ വർഷം പത്താം ക്ലാസിൽ മിനിമം മാർക്ക് രീതി നടപ്പാക്കാനാണ് കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നത്. ജയിക്കാൻ ഓരോ വിഷയത്തിലും എഴുത്ത് പരീക്ഷയുടെ 30 ശതമാനം മാർക്ക് വേണമെന്നായിരുന്നു നിബന്ധന.
എന്നാൽ പ്രായോഗിക പ്രശ്നങ്ങൾ അടക്കം പരിശോധിക്കേണ്ടതിനാലാണ് തീരുമാനം തൽക്കാലം മരവിപ്പിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അറിയിച്ചു. പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ഷംസുദ്ദീൻ ചുമതലപ്പെടുത്തി.
എസ്എസ്എൽസി വിജയത്തിൽ ഇടിവുണ്ടായി ഹയർ സെക്കൻഡറി പ്രവേശനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മിനിമം മാർക്ക് നിബന്ധന ഒഴിവാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് എന്നാണ് വിവരം.
ഇന്റേണൽ മാർക്ക് 20 ശതമാനം ഉള്ളതിനാൽ, എഴുത്ത് പരീക്ഷയിൽ പത്ത് ശതമാനം മാർക്ക് കിട്ടിയാലും എസ് എസ് എൽ സിക്ക് കുട്ടികൾ ജയിക്കുന്നതായിരുന്നു പഴയരീതി. വിഷയ മിനിമം നടപ്പാക്കിയാൽ വിജയശതമാനം കുത്തനെ 60-65 ശതമാനത്തിലേക്ക് കുറയുമെന്നാണ് കണ്ടെത്തിയത്.
പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞ് കിടക്കാനും അധ്യാപക തസ്തിക ഇല്ലാതാക്കാനും വഴിവെക്കുമെന്നും വിലയിരുത്തിയാണ് മരവിപ്പിക്കാൻ തീരുമാനിച്ചത്.
നിരന്തര മൂല്യനിർണയത്തിന് അധ്യാപകർ നൽകുന്ന 20 ശതമാനം മാർക്ക് കൂടി ജയത്തിന് പരിഗണിക്കുന്ന രീതിക്ക് പകരം ഓരോ വിഷയത്തിനും ജയിക്കാൻ എഴുത്ത് പരീക്ഷയ്ക്ക് തന്നെ മുപ്പത് ശതമാനം മാർക്ക് നേടണമെന്നതാണ് മിനിമം മാർക്ക് വ്യവസ്ഥ. 2024-25 വർഷം എട്ടാം ക്ലാസിലും 2025-26 വർഷം ഒൻപതാം ക്ലാസിലും മിനിമം മാർക്ക് ഏർപ്പെടുത്തിയിരുന്നു.


