പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കള്ളുഷാപ്പിലെ കറികള്‍ക്കും ലൈസന്‍സ്‌ നിര്‍ബന്ധമാക്കുന്നു

 



തിരുവനന്തപുരം: കള്ളുഷാപ്പുകളില്‍ കറികള്‍ പാകം ചെയ്‌ത്‌ വില്‍ക്കുന്നതിനു നിയന്ത്രണം വരുന്നു. എക്‌സൈസ്‌ വകുപ്പിന്റെഓപ്പറേഷന്‍ ശുദ്ധിനടപടികളുടെ ഭാഗമായാണ്‌ പുതിയ നിര്‍ദേശം.

ഷാപ്പുകളില്‍ പായ്‌ക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴികെയുള്ള ഭക്ഷണവില്‍പ്പനയ്‌ക്ക്‌ ഇനി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാനാണ്‌ തീരുമാനം. ഇതിനുപുറമെ തദ്ദേശ സ്‌ഥാപനത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിയും ആവശ്യമായി വരും.

കള്ളുഷാപ്പുകളില്‍ പാകം ചെയ്‌ത്‌ നല്‍കുന്ന മീന്‍കറി, ഇറച്ചിക്കറി ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച്‌ വ്യാപകമായി ഉയര്‍ന്ന പരാതികളുടെ പശ്‌ചാത്തലത്തിലാണ്‌ എക്‌സൈസ്‌ വകുപ്പ്‌ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്‌. കോട്ടയത്തെ ഒരു കള്ളുഷാപ്പില്‍നിന്ന്‌ മീനിന്റെ തലക്കറി കഴിച്ചതിനു പിന്നാലെ ഒരാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പരാതികളും പുതിയ നിര്‍ദേശത്തിന്‌ കാരണമായി.

എന്നാല്‍ പുഴുങ്ങിയ മുട്ട പോലുള്ള സാധാരണ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനുപോലും ഹോട്ടലുകള്‍ക്ക്‌ സമാനമായ ലൈസന്‍സ്‌ വേണമെന്ന തരത്തിലുള്ള ഉത്തരവിനെതിരേ ഷാപ്പ്‌ ലൈസന്‍സികള്‍ രംഗത്തെത്തി. നിലവിലുള്ള ചട്ടങ്ങള്‍ക്കപ്പുറം അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരേ ലൈസന്‍സികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌. ഇതോടെ ഉത്തരവിലെ വ്യവസ്‌ഥകള്‍ പുനഃപരിശോധിക്കുമെന്ന്‌ എക്‌സൈസ്‌ കമ്മീഷണര്‍ ഓഫീസ്‌ വ്യക്‌തമാക്കി. നിലവിലുള്ള ചട്ടങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമായ ഭേദഗതികളോടെ പുതുക്കിയ ഉത്തരവ്‌ ഇറക്കാനാണ്‌ ആലോചന. കള്ളുഷാപ്പുകളെ അവിടെ വില്‍ക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവവും നടത്തിപ്പിന്റെ രീതിയും പരിഗണിച്ച്‌ വിവിധ വിഭാഗങ്ങളായി തിരിച്ച്‌ ഓരോ വിഭാഗത്തിനും ബാധകമായ വ്യത്യസ്‌ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്‌.

ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ചെറുകിട കള്ളുഷാപ്പുകള്‍ക്ക്‌ അനാവശ്യമായ ലൈസന്‍സ്‌ ബാധ്യത ഉണ്ടാകാതിരിക്കാനാണ്‌ ഉത്തരവ്‌ പുനഃപരിശോധിക്കുന്നതെന്നാണ്‌ എക്‌സൈസ്‌ വകുപ്പിന്റെ നിലപാട്‌.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.