വിദ്യാർത്ഥികളിലൂടെ കൃഷിയെ വീടുകളിലേക്കും വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കും: മന്ത്രി ടി. സിദ്ധീഖ്
മാട്ടൂൽ: മാട്ടൂൽ മൻശഅ് നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി “ഒരുമിച്ച് വിതയ്ക്കാം, ഒരുമിച്ച് വളർത്താം, ഒരുമിച്ച് കൊയ്യാം” എന്ന സന്ദേശവുമായി ആരംഭിച്ച ‘കൂട്ടുമണ്ണ്’ കാർഷിക പദ്ധതിക്ക് തുടക്കമായി. മൂന്ന് ഏക്കർ തരിശുഭൂമി കൃഷിയോഗ്യമാക്കി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ കൃഷി ചെയ്യുന്നതിനും വിഷരഹിത പച്ചക്കറികളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ധീഖ് നിർവഹിച്ചു. മൻശഇൽ ആരംഭിച്ചിരിക്കുന്ന ഈ കാർഷിക പ്രവർത്തനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ധന്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഈ കൃഷിയെ വലിയൊരു കാർഷിക മുന്നേറ്റമായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പദ്ധതിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് വിത്തുകൾ നൽകി അവരിലൂടെ വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാലയങ്ങളിൽ ലഭ്യമായ സ്ഥലങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളിലെ കാർഷിക പ്രവർത്തനങ്ങളെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ കതിർ ക്ലബ്, കതിർ സഞ്ചാരം, കതിർ കേഡറ്റ് തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കാർഷിക സംസ്കാരം വിദ്യാർത്ഥികളിൽ വളർത്തുന്നതിനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
“പച്ച മനസ്സും പച്ച കാർഷിക പ്രവർത്തനങ്ങളും ഹരിതാഭമായ ഒരു സംസ്കാരവും ഏറ്റവും അനിവാര്യമായ സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. പ്രകൃതിയെ അതിന്റെ താളത്തിനനുസരിച്ച് ഒരു കുട്ടിയെ തലോടിക്കൊണ്ടുപോകുന്നതുപോലെ മുന്നോട്ടു കൊണ്ടുപോയില്ലെങ്കിൽ പ്രകൃതിയുടെ പ്രതികരണം രൂക്ഷമായിരിക്കും. അതിന്റെ പ്രത്യാഘാതങ്ങൾ നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്,” മന്ത്രി കൂട്ടിച്ചേർത്തു .
പ്രകൃതിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് കൃഷിയെന്നും അദ്ദേഹം പറഞ്ഞു. മൻശഅ് ആരംഭിച്ച ഈ സദുദ്യമത്തിന് മന്ത്രി ആശംസകൾ നേർന്നു.
കർഷകരെ ആദരിക്കുന്നതിന് ചടങ്ങ് വേദിയാക്കിയ മൻശഅ് ഭാരവാഹികളെ മന്ത്രി അഭിനന്ദിച്ചു. “അന്നം തരുന്നവരും നാടിന് വിഭവങ്ങൾ നൽകുന്നവരുമാണ് കർഷകർ. അവരെ ആദരിച്ചുകൊണ്ടുള്ള ഇത്തരം പരിപാടികൾ ഏറെ ധന്യതയുള്ളതാണ്,” എന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ‘ഹരിത വിദ്യാലയം’ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മൻശഅ് പാട്രൺ സയ്യിദ് മുഹമ്മദ് ജുനൈദ് അൽ ബുഖാരി മന്ത്രിക്ക് ഉപഹാരം നൽകി സ്വീകരിച്ചു.
മൻശഅ് ജനറൽ സെക്രട്ടറി കെ. മൊയ്‌തീൻ സഖാഫി അധ്യക്ഷത വഹിച്ചു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീർ ബി. മാട്ടൂൽ, മാട്ടൂൽ പഞ്ചായത്ത് കൃഷി ഓഫീസർ സുനീഷ് കെ., അബ്ദുൽ ജലീൽ ബി.ടി., മാട്ടൂലിലെ പ്രമുഖ കർഷകൻ എ.പി. സക്കരിയ, മൻശഅ് മാനേജർ ബഷീർ സഅദി എന്നിവർ സംസാരിച്ചു.
മൻശഅ് സെക്രട്ടറി നവാസ് പി. സ്വാഗതവും സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സുബൈർ കെ.പി. നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഇ.ടി. അബ്ദുറഹ്മാൻ ഹാജി, എ.വി. അബ്ദുറഹ്മാൻ ഹാജി, ഹാരിസ് ബാഖവി, സയ്യിദ് ബിഷറുൽ ഹാഫി, ഹാരിസ് അബ്ദുൽ ഖാദർ ഹാജി, വി.സി. സിറാജുദ്ദീൻ ഹാജി, റാസിഖ് എം.കെ. തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിന്റെ ഭാഗമായി മാട്ടൂലിലെ ക്ഷീര കർഷകരെയും ജൈവ കർഷകരെയും മന്ത്രി ആദരിച്ചു. പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുകയും വിദ്യാർത്ഥികളിലൂടെ കാർഷിക സംസ്കാരം വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുന്നതിനുള്ള തുടക്കമായി ‘കൂട്ടുമണ്ണ്’ പദ്ധതി മാറുമെന്ന് സംഘാടകർ അറിയിച്ചു.


