കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. കരിപ്പൂർ വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം പിടികൂടി.കുഞ്ഞിന്റെ പിതാവിന്റെ ദേഹത്തുനിന്നും മിശ്രിത രൂപത്തില്‍ ഒളിപ്പിച്ച സ്വർണം കണ്ടെത്തി.
റാസല്‍ ഖൈമയില്‍നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയായ യുവാവും മൂന്ന് മക്കളുമാണ് വിമാനമിറങ്ങിയത്. ഇതില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിലും പിതാവിന്റെ ശരീരത്തില്‍ മിശ്രിത രൂപത്തിലും സ്വർണം കണ്ടെത്തുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

