പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വൈതൽമലയിൽ വിനോദസഞ്ചാരികൾക്ക് നേരെ പെരുന്തേനീച്ച ആക്രമണം; വനംവകുപ്പ് ജീവനക്കാരൻ ഉൾപ്പെടെ 8 പേർക്ക് പരിക്ക്

 


ആലക്കോട്: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വൈതൽമല കാണാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെ പെരുന്തേനീച്ചകളുടെ കൂട്ട ആക്രമണം. വനംവകുപ്പ് വാച്ചർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ മലമുകളിലെ വാച്ച് ടവറിന് സമീപത്തായിരുന്നു സംഭവം.

പറശ്ശിനിക്കടവ് സ്വദേശികളായ അസ്ഹർ (27), ഫായിസ് (19), മഞ്ജുനാഥ് (22), ഫയാസ് (23), ശ്രീരാജ് (25), റുമൈസ് (19), ഹസീബ് (19), വനംവകുപ്പ് വാച്ചർ വി.ജി. സതീശൻ (54) എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. മഞ്ഞപ്പുല്ല് വഴിയാണ് ഇവർ വൈതൽമലയിലേക്ക് എത്തിയത്.

വാച്ച് ടവറിന് സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് ആക്രമിച്ചതോടെ ഇളകിപ്പറന്ന തേനീച്ചക്കൂട്ടം സന്ദർശകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം മലമുകളിൽനിന്ന് അഞ്ച് കിലോമീറ്ററോളം ദൂരം ഇവർക്ക് താഴേക്ക് ഓടേണ്ടിവന്നു. പിന്നീട് കാപ്പിമലയിൽ നിന്നെത്തിയ ജീപ്പിലാണ് ഇവരെ കരുവഞ്ചാലിലെയും ആലക്കോട്ടെയും ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയത്. സംഘത്തിൽ സ്ത്രീകളും കുട്ടികളും പ്രായമായവരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


രണ്ടുമാസം മുൻപ് ഇതേ സ്ഥലത്തുവെച്ച് ഇടിമിന്നലേറ്റ് യുവതി മരിച്ചിരുന്നു. സഞ്ചാരികളുടെ തിരക്കേറുന്ന വൈതൽമലയിൽ സുരക്ഷയ്ക്കായി വനംവകുപ്പിന്റെ ഒരൊറ്റ ജീവനക്കാരൻ മാത്രമാണ് നിലവിൽ ഡ്യൂട്ടിയിലുള്ളത്. റോഡുകൾ പൂർണ്ണമായും തകർന്നു കിടക്കുന്നതും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളും മതിയായ ജീവനക്കാരെയും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.