പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മെസ്സിയുടെ പേരിൽ തട്ടിപ്പ്; വ്യാപക പരിശോധനയുമായി എസ്ഐടി

 


കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ അഞ്ചിടങ്ങളിൽ പരിശോധനയുമായി എസ്ഐടി. അഗസ്‌റ്റിൻ സഹോദരൻമാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയുടെ കളമശ്ശേരിയിലെ ഓഫീസിലും ഇവരുടെ വയനാട്ടിലെ വീടുകളിലുമാണ് പുലർച്ചെ മുതൽ പരിശോധന ആരംഭിച്ചത്.

കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. പുലർച്ചെ നാലുമുതലാണ് പരിശോധന ആരംഭിച്ചതെന്നാണ് വിവരം. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമാണ് മിന്നൽ പരിശോധന.

രേഖകൾ പരിശോധിച്ച് സാമ്പത്തിക ഇടപാടുകളും മറ്റു കത്തിടപാടുകളും കണ്ടെത്തുകയാണ് ലക്ഷ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്ഐടി ആദ്യ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിന് പിന്നാലെ കോടതിയിൽ നിന്ന് അനുമതി സമ്പാദിച്ച ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കളമശ്ശേരി പോലീസ് കേസെടുത്തിട്ടുള്ളത്.

റിപ്പോർട്ടർ കമ്പനി, ആന്റോ അഗസ്‌റ്റിൻ എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്. മെസിയെ കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനി 25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അർജന്റീന ഫുട്‍ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട സ്‌പോൺസർഷിപ്പിനായി അവരുടെ കലക്ഷൻ ഏജന്റുവഴി അയച്ച 126.04 കോടിക്ക് റിവേഴ്‌സ് ചാർജ് മെക്കാനിസം പ്രകാരം നൽകേണ്ട 22.69 കോടി ഐജിഎസ്‌ടി കമ്പനി അടച്ചില്ല. കൂടാതെ, വിവിധ വിദേശ നിയമ/ മധ്യസ്‌ഥ ഫീസുകളിലേക്ക് അയച്ച 1.90 കോടിക്ക് 34.15 ലക്ഷം തുകയുടെ നികുതി വെട്ടിച്ചതായും കണ്ടെത്തിയിരുന്നു.

മെസ്സിയെ എത്തിക്കാനുള്ള പദ്ധതിയുടെ സ്‌പോൺസർഷിപ്പ് കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വേണ്ടി നടത്തിയ നീക്കമാണെന്ന് കായിക വകുപ്പും കണ്ടെത്തിയിട്ടുണ്ട്. സ്‌പോൺസറെ നിശ്‌ചയിച്ചതിൽ ഗുരുതര ചട്ടലംഘനങ്ങൾ ഉണ്ടായെന്നും അർജന്റീന ടീം സന്ദർശനം സ്വീകരിച്ചതായി ഔദ്യോഗിക സ്‌ഥിരീകരണമില്ലെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.