2026 സെപ്റ്റംബർ 25നകം ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിന് ഡ്രൈവിംഗ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് നിലവിൽ അവസാന തീയതിയോ സമയപരിധിയോ മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടില്ല.
അതിനാൽ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പരിഗണിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
sarathi.parivahan.gov.in പോർട്ടലിലെ Others → Update Mobile Number എന്ന ഓപ്ഷൻ വഴി ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ സ്വയം അപ്ഡേറ്റ് ചെയ്യാം. ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് മാത്രം ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഓഫീസുകളെ സമീപിച്ചാൽ മതിയാകും.
ഔദ്യോഗിക വിവരങ്ങൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വകുപ്പ് അറിയിച്ചു.


