കൽപ്പറ്റ: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യവും വൈനും പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും 7 ലിറ്റർ വൈനുമാണ് പിടിച്ചെടുത്തത്. ആന്റോയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്‌സൈസ് കേസെടുത്തിട്ടുണ്ട്.
ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും തേടി ആന്റോ അഗസ്‌റ്റിന്റെ വസതികളിലും സ്‌ഥാപനങ്ങളിലും നടത്തുന്ന റെയ്‌ഡിനിടെയാണ് വയനാട് മീനങ്ങാടിയിൽ കാരാപ്പുഴ ഡാമിന് സമീപം വാഴവറ്റയിൽ ഉള്ള വീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നിർദ്ദേശപ്രകാരം കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യശേഖരം പിടികൂടിയത്. സംഭവത്തിൽ പ്രത്യേക കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങുമെന്ന് എക്‌സൈസ് അറിയിച്ചു.
വ്യക്‌തിപരമായ ആവശ്യങ്ങൾക്കായി നിയമപരമായി കൈവശം വയ്‌ക്കാവുന്ന പരിധിയായ മൂന്ന് ലിറ്ററിലും അധികമായി വിദേശമദ്യവും മൂന്നര ലിറ്ററിൽ ഏറെ വൈനും വീട്ടിൽ സൂക്ഷിച്ചതായി കണ്ടെത്തിയ പശ്‌ചാത്തലത്തിൽ ഇതിന്റെ ഉറവിടത്തെ കുറിച്ചാണ് ആദ്യം അന്വേഷണം നടത്തുന്നതെന്ന് എക്‌സൈസ് വൃത്തങ്ങൾ പറഞ്ഞു. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് രാവിലെ ആറുമണിയോടെയാണ് അഗസ്‌റ്റിൻ സഹോദരൻമാരുടെ കുടുംബവീട്ടിൽ എസ്ഐടി പരിശോധന തുടങ്ങിയത്.


