വെള്ളരിക്കുണ്ട്:മാലോം കാര്യോട്ടുചാലിൽ ഗൃഹനാഥനെയും ഭാര്യയെയും വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാര്യോട്ടുചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കളെ കാണാതായതിനെ തുടർന്ന് മകൻ നടത്തിയ തിരച്ചിലിലാണ് ഇരുവരും കുളത്തിൽവീണുകിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആഴവും കാടുപിടിച്ച നിലയിലുമുള്ള കുളമാണിത്. വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ ഇടുന്നതിനിടയിൽ ഒരാൾ അബദ്ധത്തിൽ കുളത്തിൽ വീണതും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ വീണതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും കുളത്തിൽ എങ്ങനെഎത്തിയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായിപരിശോധിച്ചുവരികയാണ്. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.


