ന്യൂഡൽഹി : ഉയർന്ന യു.പി.ഐ ഇടപാടുകളിൽ വ്യാപാരികളിൽ നിന്ന് ചാർജ് (എം.ഡി.ആർ–മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിനുള്ള നിർണായക പ്രാരംഭ നടപടികളുടെ ഭാഗമായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പുതിയ തീരുമാനം അനുസരിച്ച്, 2,000 രൂപയ്ക്ക് താഴെയുള്ള യു.പി.ഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾക്കും മാത്രമേ ഇനി പൂർണ്ണമായ സൗജന്യ ഇളവ് ലഭിക്കൂ.
വ്യക്തികൾ തമ്മിലുള്ള (പി2പി) സാധാരണ യു.പി.ഐ പണമിടപാടുകൾക്ക് യാതൊരു ചാർജും ഉണ്ടായിരിക്കില്ല. എന്നാൽ, വ്യക്തികൾ വ്യാപാരികൾക്കും ബിസിനസുകൾക്കും നൽകുന്ന പണമിടപാടുകളെ (പി2എം) ഈ പുതിയ നിയമഭേദഗതി ബാധിക്കും. 2,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുമോയെന്നും, അങ്ങനെയാണെങ്കിൽ കൃത്യമായ നിരക്കുകൾ എന്തായിരിക്കുമെന്നുമുള്ള കാര്യങ്ങൾ വരാനിരിക്കുന്ന അടുത്ത വിജ്ഞാപനങ്ങളിൽ മാത്രമേ വ്യക്തമാകൂ.
ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ വ്യാപാരികളിൽ നിന്ന് ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ ഈടാക്കുന്ന സേവന നിരക്കാണ് എം.ഡി.ആർ. 2020 ജനുവരി മുതൽ എല്ലാ യു.പി.ഐ ഇടപാടുകളും പൂർണ്ണമായും സൗജന്യമാക്കിയിരുന്നു. എന്നാൽ എം.ഡി.ആർ തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി അടുത്തിടെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. എം.ഡി.ആർ നടപ്പിലായാൽ, വ്യാപാരികൾ ഈ അധിക ബാധ്യത ഉപയോക്താക്കൾക്ക് മേൽ കൈമാറാൻ സാധ്യതയുണ്ട്.


