സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം, ക്യാഷ് റീസൈക്ലർ സർവീസ് നിരക്കുകൾ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് പ്രതിമാസം ലഭിച്ചിരുന്ന സൗജന്യ ഇടപാടുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതിനൊപ്പം സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കൽ ചാർജുകളും ബാങ്ക് കുത്തനെ കൂട്ടി. പുതുക്കിയ സേവന നിരക്കുകൾ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.മുതിർന്ന പൗരന്മാർക്ക് കനറാ ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം ലഭിക്കുന്ന സൗജന്യ ഇടപാടുകളുടെ എണ്ണത്തിൽ മാറ്റമില്ല.
*സൗജന്യ ഇടപാടുകൾ അഞ്ചായി ചുരുക്കി;*
നിരക്കുകൾ ഇങ്ങനെ
പുതുക്കിയ നിബന്ധനകൾ പ്രകാരം സാധാരണ സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് ഒരു മാസത്തിൽ കനറാ ബാങ്ക് എടിഎമ്മുകളിൽ നിന്നും ക്യാഷ് റീസൈക്ലറുകളിൽ നിന്നും പരമാവധി അഞ്ച് സൗജന്യ ഇടപാടുകൾ (സാമ്പത്തിക ഇടപാടുകളും അല്ലാത്തവയും ചേർത്ത്) മാത്രമേ നടത്താനാകൂ. മുൻപ് ഇത് ആറ് ഇടപാടുകളായിരുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക് മാസത്തിൽ എട്ട് സൗജന്യ ഇടപാടുകൾ എന്ന ആനുകൂല്യം തുടർന്നും ലഭിക്കും
*സൗജന്യ പരിധി കഴിഞ്ഞുള്ള നിരക്കുകൾ*
*പണം പിൻവലിക്കൽ :*
സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ തവണ പണം പിൻവലിക്കുമ്പോഴും 23 രൂപയും ജിഎസ്ടിയും ഈടാക്കും. മുൻപ് ഇത് 20 രൂപയും ജിഎസ്ടിയുമായിരുന്നു.
*സാമ്പത്തികേതര ഇടപാടുകൾ:*
മിനി സ്റ്റേറ്റ്മെന്റ്, ബാലൻസ് പരിശോധന തുടങ്ങിയ സൗജന്യ പരിധി കഴിഞ്ഞുള്ള ഇടപാടുകൾക്ക് പഴയ നിരക്കായ 5 രൂപയും ജിഎസ്ടിയും തന്നെ തുടരും.
*മറ്റ് ബാങ്ക് എടിഎമ്മുകളിലെ ഉപയോഗം*
കനറാ ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നടത്തുന്ന ഇടപാടുകളുടെ സൗജന്യ പരിധി പ്രദേശങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും:
*മെട്രോ നഗരങ്ങളിൽ:*
ഒരു കലണ്ടർ മാസത്തിൽ 3 സൗജന്യ ഇടപാടുകൾ.
*നോൺ-മെട്രോ നഗരങ്ങളിൽ:*
ഒരു കലണ്ടർ മാസത്തിൽ 5 സൗജന്യ ഇടപാടുകൾ.
ഈ പരിധി അവസാനിച്ച ശേഷം മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചാൽ 23 രൂപയും ജിഎസ്ടിയും, ബാലൻസ് പരിശോധന ഉൾപ്പെടെയുള്ള നോൺ-ഫിനാൻഷ്യൽ ഇടപാടുകൾക്ക് 11 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും.
*ഗ്രീൻ പിൻ നിരക്കിൽ ആശ്വാസം*
അതേസമയം, പുതിയ കാർഡുകൾക്കായി എടിഎം വഴി ഗ്രീൻ പിൻ ജനറേറ്റ് ചെയ്യുന്നതിനുള്ള ഫീസിൽ ബാങ്ക് വൻ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത സൗജന്യ പരിധി കഴിഞ്ഞുള്ള ഗ്രീൻ പിൻ റീജനറേഷന് മുൻപ് 23 രൂപയും ജിഎസ്ടിയും വാങ്ങിയിരുന്ന സ്ഥാനത്ത് ഇനിമുതൽ 5 രൂപയും ജിഎസ്ടിയും മാത്രമേ ഈടാക്കൂ. കനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുതുക്കിയ സർവീസ് ചാർജ് പട്ടിക ലഭ്യമാക്കിയിട്ടുണ്ട്.

