പയ്യന്നൂർ: പുതിയ ബസ് സ്റ്റാൻഡിന് സമീപം ശ്രീനിധി ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടർ പയ്യന്നൂർ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്തു.
പയ്യന്നൂർ-പെരുമ്പടവ് റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീനിധി ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രക്കാരനായ അനേഷ് മണിയാട്ട് ബസിനടിയിൽപ്പെടാതെ തെറിച്ചുവീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടർ പുറത്തെടുക്കുന്നതിനായി പയ്യന്നൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷെറിൽ ബാബു കെ.സി.യുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ച് ബസ് സുരക്ഷിതമായി ഉയർത്തിയശേഷം സ്കൂട്ടർ പുറത്തെടുത്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ജോബിമോൻ ജോർജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കൃഷ്ണ രാജ് കെ., ധനേഷ് ടി.പി., കണ്ണൻ ബി., ഹോംഗാർഡുമാരായ മാത്യു ജോർജ്, ശ്രീകാന്ത് എം.വി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


