പരിയാരം: പരിയാരം അമ്മാനപ്പാറ കാരക്കുണ്ട് റോഡിലെ മുടിക്കാനം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വായാട്ടുപറമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വായാട്ടുപറമ്പ് സ്വദേശി അഭിനവ് സുരേഷ് (19) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
അഭിനവ് സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഭിനവിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയുമായിരുന്നു. തല വേർപെട്ട നിലയിലായ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


