ഓണം പ്രമാണിച്ച് സപ്ലൈകോയില്‍ വെളിച്ചെണ്ണയുടെ വില വീണ്ടും 20 രൂപ കുറച്ചു. ലിറ്ററിന് 229 രൂപയ്ക്കാണ് ഇപ്പോള്‍ വെളിച്ചെണ്ണ വില്‍ക്കുന്നത്. ഓണം പ്രമാണിച്ച് രണ്ട് മാസത്തേക്കുള്ള സബ്സിഡി സാധനങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് സപ്ലൈകോയില്‍ നിന്ന് വാങ്ങാൻ സാധിക്കും.
കേരളത്തിലെ പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ലിറ്ററിന് ഏകദേശം 300 രൂപ മുതല്‍ 350 രൂപ വരെയാണ്. നാടൻ/ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് ഇതിലേറെ വില വരും. ലിറ്ററിന് 360 - 460 രൂപയാണ് വില. അതെസമയം സപ്ലൈകോയില്‍ നേരത്തെ വെളിച്ചെണ്ണയ്ക്ക് 249 രൂപയായിരുന്നത് ഇപ്പോള്‍ 229 രൂപയായി കുറഞ്ഞു.
അതെസമയം റേഷൻ കടകളില്‍ അവശ്യസാധനങ്ങള്‍ എത്താത്തത് വലിയ പ്രശ്നമായി ഉയരുന്നുണ്ട്.
വിലക്കയറ്റം തടയാന്‍ അരിമില്ലുകളില്‍ ഉള്‍പ്പെടെ സ്പെഷല്‍ സ്‌ക്വാഡ് രംഗത്തുണ്ട്. പച്ചക്കറി കടകള്‍, റീടെയ്ല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കാന്‍ കലകടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവശ്യസാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജീവനക്കാര്‍ അവധിയെടുക്കുന്നതു ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന അവലോകന യോഗത്തില്‍ എഫ്‌സിഐ, ജിഎസ്ടി, ആദായനികുതി, ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പ്, സപ്‌ളൈകോ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

