കണ്ണൂർ: ചൊക്ളിയിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർഥി ശിവസൂര്യക്കായി സംസ്‌ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. അന്വേഷണ സംഘം ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 18 ദിവസമായി.
പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തെഴുതി വെച്ചായിരുന്നു കുട്ടി വീടുവിട്ടത്.
ഈമാസം എട്ടാം തീയതി മുതലാണ് ശിവസൂര്യയെ കാണാതായത്. കേരളത്തിന്റെ പല സ്‌ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരുവിധ വിവരവും ലഭിച്ചിട്ടില്ല. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗെയിമിങ് പതിവായതിനെ തുടർന്നാണ് ശിവസൂര്യയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വയ്‌ക്കുന്നത്.
ഗെയിമിങ് വഴി കുട്ടിക്ക് ചെറിയ തുകകൾ നഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടി വീടുവിട്ടിറങ്ങിയ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ അമ്മ മരിച്ച ശിവസൂര്യക്ക് അച്ഛൻ മാത്രമേ ഉള്ളൂ. 3000 രൂപയും രണ്ടു ജോഡി വസ്‌ത്രവും എടുത്താണ് ശിവസൂര്യ നാടുവിട്ടത്.

