മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അസം സ്വദേശിയായ യുവാവ് അറസ്റ്റിൽ. അസം സ്വദേശി റോയൽ രാജു (30) ആണ് പിടിയിലായത്.
കോയമ്പത്തൂർ–മംഗളൂരു ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ വിട്ടതിന് പിന്നാലെയാണ് സംഭവമുണ്ടായത്. യുവതിയെ കയറിപ്പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിഴച്ചെങ്കിലും യുവതി കുതറിമാറി രക്ഷപ്പെടുകയായിരുന്നു.
സഹയാത്രികർ ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് തിരൂരിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി ആർ.പി.എഫ് എ.എസ്.ഐ ശശിയെ തലയ്ക്കടിച്ച് വീഴ്ത്തിയതായാണ് വിവരം.
തുടർന്ന് തിരൂർ പൊലീസിനെ വിവരമറിയിച്ചു. എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയിൽവേ സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസിനോടും അക്രമാസക്തനായതായി അധികൃതർ പറഞ്ഞു.
മൽപ്പിടിത്തത്തിലൂടെയാണ് പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. സംഭവത്തിൽ പരിക്കേറ്റ ആർ.പി.എഫ് എ.എസ്.ഐ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിയായ ശശിക്ക് 57 വയസ്സാണ്.
മികച്ച സേവനത്തിനുള്ള 2026ലെ റെയിൽ സേവാ പുരസ്‌കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് എ.എസ്.ഐ ശശി.

