സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തൃശൂര്‍ ജില്ലയില്‍ കൂടി മഴ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.പാലക്കാട് എറണാകുളം ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.
നദികളിലെ ജലനിരപ്പ് ഉയരുന്നു. ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നദികളില്‍ മുന്നറിയിപ്പുണ്ട്. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), കൊല്ലം: കല്ലട (പുനലൂര്‍ സ്റ്റേഷന്‍), കോട്ടയം : മീനച്ചില്‍ (പാല സ്റ്റേഷന്‍), മണിമല (മണിമലസ്റ്റേഷന്‍), പത്തനംതിട്ട: പമ്പ (കുരുടമണ്ണില്‍ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷന്‍) യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
യാതൊരു കാരണവശാലും മേല്‍ പറഞ്ഞ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.

