പരപ്പനങ്ങാടി: വിപണിയില്‍ ഏത്തപ്പഴത്തിന്റെ വില പൊടുന്നനെ കുതിച്ചുയരുന്നു. നാല്‍പത് രൂപയില്‍ നിന്നിരുന്ന വില പെട്ടെന്നാണ് 65 രൂപയിലെത്തിയത്.വയനാടൻ കായകളുടെ വരവ് പൂർണ്ണമായി നിലച്ചതും നാടൻ കായകളുടെ സീസണ്‍ അവസാനിച്ചുതുടങ്ങിയതുമാണ് ഏത്തപ്പഴത്തിന് വിപണിയില്‍ പെട്ടെന്ന് ഡിമാൻഡ് വർദ്ധിക്കാൻ കാരണമായത്.
വരാൻ പോകുന്ന ഓണസീസണ്‍ മുന്നില്‍ക്കണ്ട് വറുത്ത ഉപ്പേരി, ചിപ്സ്, പൊരിക്കായ് എന്നിവയ്ക്കുള്ള ആവശ്യക്കാർ കൂടിയതും പഴവിപണിയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ കയറ്റുമതി രംഗത്തും മികച്ച കുതിപ്പാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ ഏത്തപ്പഴത്തിന് വില ഇനിയും ഉയരുമെന്നാണ് മൊത്തക്കച്ചവടക്കാർ വ്യക്തമാക്കുന്നത്.
നിലവില്‍ നാടൻ, വയനാടൻ കായകള്‍ക്ക് പകരമായി മേട്ടുപാളയം കുലകളാണ് മലബാറിലെ കുലവിപണിയെ പ്രധാനമായും നിയന്ത്രിക്കുന്നത്. കർഷകർ സീസണ്‍ നോക്കി നാടൻ കുലകള്‍ വെട്ടിമാറ്റി വിപണിയിലെത്തിച്ചതും, അവശേഷിച്ചവ കനത്ത മഴയില്‍ നിലംപൊത്തിയതുമാണ് മേട്ടുപാളയം കായകള്‍ക്ക് വിപണിയില്‍ മേല്‍ക്കൈ ലഭിക്കാൻ ഇടയാക്കിയത്.
വയനാടൻ കായകള്‍ക്ക് ജനപ്രീതി താരതമ്യേന കുറവാണെങ്കിലും, വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും ബേക്കറികള്‍ക്കും മറ്റ് പൊരി ആവശ്യങ്ങള്‍ക്കും അവയുടെ വരവ് ഏറെ സഹായകരമായിരുന്നു.

