പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പോസ്‌റ്റുകൾ നീക്കം ചെയ്യപ്പെട്ടത് സാങ്കേതിക പിഴവ് മൂലം, ആരും നിർദ്ദേശിച്ചില്ല; മെറ്റ

 


തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്‌ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്‌റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ വിശദീകരണവുമായി മെറ്റ. പോസ്‌റ്റുകൾ നീക്കം ചെയ്‌തത്‌ ആരുടെയും നിർദ്ദേശ പ്രകാരമല്ലെന്നും കമ്പനിയുടെ എഐ സോഫ്റ്റ്‌വെയർ അപ്‌ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണെന്നുമാണ് മെറ്റയുടെ വിശദീകരണം.


കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങ്ങിനെ അറിയിച്ചു. നിലവിൽ ഈ സാങ്കേതിക തകരാർ പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്‌റ്റുകളും പുനഃസ്‌ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു.


വാർത്താ ചാനലുകളുടെയും മറ്റ് മാദ്ധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കുന്ന പോസ്‌റ്റുകൾ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഈ പോസ്‌റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നു.


എന്നാൽ, കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപണം പൂർണമായും തള്ളി. തനിക്കെതിരെ വിമർശനം ഉന്നയിക്കുന്ന വാർത്തകൾ മുക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും മാദ്ധ്യമങ്ങളുടെ കാർഡുകളും പോസ്‌റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം സൈബർ പോലീസ് മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയത്. തകരാർ പരിഹരിച്ചതിനെ തുടർന്ന് റിപ്പോർട്ടർ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങി വിവിധ മാദ്ധ്യമങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്യപ്പെട്ട പോസ്‌റ്റുകളെല്ലാം ഘട്ടംഘട്ടമായി മെറ്റ പുനഃസ്‌ഥാപിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.