കാസർഗോഡ് 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ അറസ്റ്റില്‍. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തില്‍ നിന്നാണ് മേല്‍പ്പറമ്പ് പോലീസ് സ്നേഹയെ പിടികൂടിയത്.സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണ് മേല്‍പ്പറമ്പിലേത്.
മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെയാണ് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത്.
അഞ്ചു പോക്സോ കേസുകളില്‍ പ്രതിയായ സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മേല്‍പ്പറമ്പില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവിൻ്റെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലില്‍ വച്ചാണ് ഇവർ തമ്മില്‍ പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും ജയിലില്‍ നിന്നു ഇറങ്ങി. ജയിലിലെ പരിചയത്തിൻ്റെ പേരില്‍ സ്നേഹ ഒരു വർഷക്കാലം പെണ്‍കുട്ടിയുടെ മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായത്. ഭയംകാരണം പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡനം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ജൂണ്‍ 13 നാണ് സ്നേഹയ്ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതോടെ സ്നേഹ ഒളിവില്‍ പോവുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനില്‍ സ്നേഹയ്ക്കെതിരെ മൂന്നു പോക്സോ കേസുകളുണ്ട്.

