തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും സംബന്ധിച്ച തുകകള്‍ സംസ്ഥാന സർക്കാർ അനുവദിച്ചു.നാളെ മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും.
ക്ഷേമനിധി ബോർഡുകളിലെ ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 6.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെൻഷൻ ലഭ്യമാകും.
ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും സർക്കാർ അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇതിലൂടെ പെൻഷൻ ലഭിക്കും. ഈ മാസം 31 വരെയാണ് പെൻഷൻ വിതരണം നടക്കുക.
സഹകരണ സംഘങ്ങള്‍ വഴി വീടുകളിലെത്തിച്ചാണ് പെൻഷൻ നല്‍കുക. ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും ഒരുമിച്ചാണ് വിതരണം ചെയ്യുന്നത്. പ്രായാധിക്യം, വിധവ, വികലാംഗ പെൻഷനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ക്ഷേമനിധി ബോർഡുകളില്‍ തൊഴിലാളി ക്ഷേമനിധി, കർഷക തൊഴിലാളി ക്ഷേമനിധി, കയർ തൊഴിലാളി ക്ഷേമനിധി, കശുവണ്ടി തൊഴിലാളി ക്ഷേമനിധി തുടങ്ങിയവയിലെ അംഗങ്ങള്‍ക്കാണ് പെൻഷൻ ലഭിക്കുന്നത്. പെൻഷൻ കുടിശിക ഒഴിവാക്കി സമയബന്ധിതമായി വിതരണം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സഹകരണ ബാങ്കുകള്‍ വഴിയും ബാങ്ക് അക്കൗണ്ടുകള്‍ വഴിയും പെൻഷൻ വിതരണം നടക്കും. വീട്ടില്‍ കിടപ്പിലായവർക്കും മറ്റ് പ്രയാസമുള്ളവർക്കും സഹകരണ സംഘം ജീവനക്കാർ നേരിട്ട് എത്തിച്ചുനല്‍കും.

