പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓപ്പറേഷന്‍ സൗന്ദര്യ: 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വസ്തുക്കള്‍ പിടികൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10 ലക്ഷത്തോളം(9.64 ലക്ഷം)രൂപയുടെ വ്യാജ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ജൂലൈ അവസാനവാരത്തോടെ പദ്ധതിയുടെ നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്.


ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തില്‍ 5,09,303 രൂപയുടെയും, രണ്ടാം ഘട്ടത്തില്‍ 2.50 ലക്ഷം രൂപയുടെയും, മൂന്നാം ഘട്ടത്തില്‍ 1.50 ലക്ഷം രൂപയുടെയും, നാലാം ഘട്ടം 55,000 രൂപയുടെയും വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. കോസ്മെറ്റിക്സ് റൂള്‍സ് 2020 പ്രകാരമുള്ള നിയമങ്ങള്‍ പാലിക്കാത്തതും മതിയായ കോസ്മെറ്റിക്സ് നിര്‍മ്മാണ ലൈസന്‍സുകളില്ലാതെ നിര്‍മ്മിച്ച് വിതരണം ചെയ്തതും നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാതെ വിപണിയില്‍ എത്തിച്ചതുമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.


കൗമാരക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി ശേഖരിച്ച സാമ്പിളുകള്‍ തിരുവനന്തപുരം, എറണാകുളം ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായ അളവിലും കൂടുതലായി മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. പര്‍ച്ചേസ് ബില്ലുകള്‍ പോലുമില്ലാതെ വിപണിയിലെത്തുന്ന ഈ ക്രീമുകള്‍ ഗുരുതര ത്വക്ക് രോഗങ്ങള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ ഇവ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്.


ലിപ്സ്റ്റിക്, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി ഓയില്‍ തുടങ്ങിയവയും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ ലൈസന്‍സ്, നിര്‍മ്മാതാവിന്റെ പേരും പൂര്‍ണ്ണ വിലാസവും, ലേബലിങ് വിവരങ്ങള്‍ എന്നിവ ഉണ്ടെന്ന് ഉപഭോക്താക്കള്‍ ഉറപ്പാക്കണം. സംശയാസ്പദമായ ഉല്‍പ്പന്നങ്ങളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും പരാതിപ്പെടാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ടോള്‍ ഫ്രീ ഹെല്‍പ്ലൈന്‍ നമ്പറായ 1800-425-3182 വഴി ബന്ധപ്പെടാം.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.