തിരുവനന്തപുരം: ഓണക്കാല റേഷൻ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
എഎവൈ (മഞ്ഞ) കാർഡ് ഉടമകള്‍ക്ക് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കില്‍ വിതരണം ചെയ്യും.
മുൻഗണനാ (പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി നല്‍കും. കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം കിലോയ്ക്ക് 9 രൂപ നിരക്കില്‍ ആട്ടയും ലഭിക്കും.
പൊതുവിഭാഗം സബ്‌സിഡി (നീല) കാർഡിലെ ഓരോ അംഗത്തിനും കിലോയ്ക്ക് 4 രൂപ നിരക്കില്‍ 2 കിലോ അരി, കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ സ്പെഷ്യല്‍ ഗോതമ്പ്, കൂടാതെ കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 3 കിലോ അരിയും ലഭിക്കും. താലൂക്ക് സ്റ്റോക്കനുസരിച്ച് കാർഡിന് പരമാവധി 4 കിലോ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും.
പൊതുവിഭാഗം (വെള്ള) കാർഡിന് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 7 കിലോ അരിയും, പ്രത്യേക വിഹിതമായി കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ ഗോതമ്പും ലഭിക്കും. സ്റ്റോക്കനുസരിച്ച് പരമാവധി 4 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും വിതരണം ചെയ്യും.
ക്ഷേമസ്ഥാപനങ്ങളിലെ (തവിട്ട്) കാർഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരിയും, പ്രത്യേക വിഹിതമായി കിലോയ്ക്ക് 8.70 രൂപയ്ക്ക് 2 കിലോ ഗോതമ്പും ലഭിക്കും. താലൂക്കിലെ സ്റ്റോക്കനുസരിച്ച് പരമാവധി 1 കിലോ ആട്ട 17 രൂപ നിരക്കില്‍ നല്‍കും.

