തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ നേരത്തേ തീരുമാനിച്ച പ്രകാരം ഈ മാസം 13ന് തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവെക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു.
ആഗസ്റ്റ് 31 വരെ തീര്‍ക്കേണ്ടിയിരുന്ന പാഠഭാഗങ്ങള്‍ ക്ലാസുകള്‍ മുടങ്ങിയതിനാല്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ആഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ചോദ്യപേപ്പര്‍ ക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ഗുണനിലവാര മേല്‍നോട്ടസമിതി യോഗമാണ് പരീക്ഷകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പരീക്ഷകള്‍ മാറ്റിയാല്‍ അത് രണ്ടാംപാദത്തിലെ അധ്യയനത്തെയും കലാ-കായിക-പ്രവൃത്തിപരിചയ മേളകള്‍ ഉള്‍പ്പെടെയുള്ള മറ്റു പരിപാടികളെയും പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ഓണത്തിന് ശേഷം പരീക്ഷകള്‍ നടത്തിയാല്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
അതേസമയം, പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകള്‍ ഒരേദിവസം വരുന്നത് ഒഴിവാക്കാന്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ടൈംടേബിള്‍ പരിഷ്‌കരിച്ചു. എട്ടാം ക്ലാസിനു മാത്രം 21ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടാകും. ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷകളില്‍ യാതൊരു മാറ്റവുമില്ല.
വരും ദിവസങ്ങളില്‍ പരീക്ഷകള്‍ കൃത്യസമയത്ത് നടത്തി ആഗസ്റ്റ് 21ന് തന്നെ വിദ്യാലയങ്ങളില്‍ ഓണാഘോഷം സംഘടിപ്പിച്ച് സ്‌കൂളുകള്‍ അടക്കാനാണ് അധികൃതരുടെ തീരുമാനം.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ 14നാണ് ആരംഭിക്കുക. രാവിലെ 10 മുതലാണ് പരീക്ഷ. രാവിലെയും ഉച്ചക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1.30നും പരീക്ഷ തുടങ്ങും.
എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. പരീക്ഷക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

