കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കാണാതായിട്ട് ഒരാഴ്‌ച പിന്നിട്ടു. അന്വേഷണത്തിൽ ഒരു വിവരവും ലഭിച്ചില്ലെന്നാണ് വിവരം. ശിവസൂര്യയെ പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് കണ്ടു എന്ന വിവരം തെറ്റാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തമായി.
മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തെഴുതി വെച്ചായിരുന്നു കുട്ടി വീടുവിട്ടത്. ഈമാസം എട്ടാം തീയതി മുതലാണ് കുട്ടിയെ കാണാതായത്.
സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും കുട്ടി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. തലശ്ശേരി എസ്‌പി സ്‌ക്വാഡും ചൊക്ളി പോലീസുമാണ് അന്വേഷണം നടത്തുന്നത്. കുട്ടി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതേത്തുടർന്ന് വീട്ടിൽ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.
ഗെയിമിങ് പതിവായതിനെ തുടർന്നാണ് ശിവസൂര്യയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വയ്‌ക്കുന്നത്. ഗെയിമിങ് വഴി കുട്ടിക്ക് ചെറിയ തുകകൾ നഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടി വീടുവിട്ടിറങ്ങിയ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ അമ്മ മരിച്ച ശിവസൂര്യക്ക് അച്ഛൻ മാത്രമേ ഉള്ളൂ.

