കണ്ണൂർ: ചെറുപുഴ മീന്തുള്ളിയില്‍ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസില്‍ കൊണ്ടുപോയ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ണൂര്‍ ജില്ലാ കലക്ടർ വിഷ്ണുരാജ്.സംഭവത്തില്‍ പരിയാരം മെഡി. കോളജ് പ്രിൻസിപ്പലിനേയും സൂപ്രണ്ടിനേയും വിളിച്ചുവരുത്തി വീഴ്ച സംബന്ധിച്ച് വിശദീകരണം തേടി.
വീഴ്ച പറ്റിയിട്ടില്ലെന്നാണ് പയ്യന്നൂർ തഹസീല്‍ദാർ കെ.പി പോള്‍ പറയുന്നത്. സ്വകാര്യ ആംബുലൻസുകാർ വലിയ തുക ആവശ്യപ്പെട്ടതുകൊണ്ടാണ് അവരെ വിളിക്കാത്തതെന്നും പരിയാരം മെഡി. കോളജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് കരുതുന്നില്ലെന്നും പയ്യന്നൂർ തഹസീല്‍ദാർ കലക്ടറോട് പറഞ്ഞു. എല്ലാ സംവിധാനവും ഒരുക്കണമെന്ന് നിർദേശം നല്‍കിയിരുന്നു. എന്നാല്‍ എന്തുകൊണ്ട് അതൊന്നും പാലിച്ചില്ലെന്നും കലക്ടർ ചോദിച്ചു. എഡിഎം അയച്ച നോട്ടീസിന് ഇന്ന് തന്നെ മറുപടി ലഭിക്കും. മറുപടി പരിശോധിച്ച ശേഷം റവന്യൂ മന്ത്രിക്ക് കൈമാറുമെന്നും കലക്ടർ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണത്തിന് കലക്ടർ ഉത്തരവിട്ടിരുന്നു. പരിയാരം മെഡിക്കൽ കോളേജില്‍ നിന്നാണ് മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസില്‍ കൊണ്ടുപോയത്. ദുർഗന്ധം വന്നതോടെ ചാവക്കാട് വച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. ഫ്രീസറുള്ള ആംബുലൻസ് ഇല്ലെന്ന കാര്യം അറിയിച്ചിരുന്നെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് റവന്യുവകുപ്പും പരിയാരം മെഡിക്കല്‍ കോളജും പരസ്പരം പഴി ചാരുകയാണ്. ആംബുലൻസ് ഏർപ്പാടാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് പറയുന്നത്. ഫ്രീസറുള്ള ആംബുലൻസ് ഇല്ല എന്ന കാര്യം റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ടും പറയുന്നുണ്ട്. എന്നാല്‍, പയ്യന്നൂർ തഹസില്‍ദാർ ഇത് നിഷേധിച്ചിട്ടുണ്ട്.

