പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

റെഡ് അലർട്ട് നൽകാൻ വൈകി; പെരുമഴയ്ക്ക് മുന്നിൽ മുന്നറിയിപ്പും മുന്നൊരുക്കവും പാളിയോ? ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി വിമർശനം

             


     

അതിതീവ്ര മഴ സാധ്യത മുന്നിലുണ്ടായിട്ടും ഇത്തവണയും സംസ്ഥാനത്ത് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും പാളി. അതിതീവ്ര മഴ പെയ്തിറങ്ങിയ പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് രാവിലെ വരെയുണ്ടായിരുന്നത് ഓറഞ്ച് അലർട്ട് മാത്രമാണ്. 

ദുരന്തങ്ങൾ മുമ്പും നേരിട്ടിട്ടുള്ള മലയോരമേഖലകളിൽ പോലും മുന്നറിയിപ്പിന് അനുസരിച്ചുള്ള ജാഗ്രതയുണ്ടായില്ല. അടുത്ത 24 മണിക്കൂർ കൂടി സംസ്ഥാനത്ത് അതീവ ജാഗ്രത വേണം.

പത്തനംതിട്ട ളാഹയിൽ 25 സെന്റി മീറ്റർ, ഇടുക്കി പീരുമേടും തൊടുപുഴയിലും 21 സെന്റിമീറ്റർ വീതം മഴയാണ് പെയ്തത്. 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് റെഡ് അലർട്ടിന് അനുസരിച്ചുള്ള അതിതീവ്ര മഴ. ഇന്നലെ രാത്രി 9 മണിക്കും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്ന മുന്നറിയിപ്പിൽ സംസ്ഥാനത്ത് എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. 

രാത്രി പത്ത് മണിക്ക് നൽകിയ തൽസ്ഥിതി മുന്നറിയിപ്പിലുംഓറഞ്ച് അലർട്ട് മഴ മാത്രമാണുണ്ടായിരുന്നത്.റെഡ് അലർട്ടിന് സമാനമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത് രാത്രി 11.15നാണ്. പത്തനംതിട്ടയും ഇടുക്കിയും അടക്കമുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത് ഇന്ന് രാവിലെ ഏഴ് മണിക്ക് ആണ്. അപ്പോഴേക്കും പെരുമഴ പെയ്തിറങ്ങിയിരുന്നു. ആളുകൾ ദുരിതക്കയത്തിലായതിന് ശേഷം പ്രഖ്യാപിച്ച റെഡ് അലർട്ട് പാളിപ്പോയി. 

ഓറഞ്ച് അലർട്ട് എന്നാൽ ആക്ഷൻ എന്നാണ് ദുരന്തര നിവാരണ അതോറിറ്റി ചട്ടത്തിൽ പറയുന്നത്. മുമ്പും ഉരുൾപ്പൊട്ടലുണ്ടായിട്ടുള്ള കൂട്ടിക്കലിലും 2018ലെ പ്രളയത്തിൽ മുങ്ങിപ്പോയ റാന്നിയിലും അടക്കം തുടർച്ചയായി മഴ പെയ്തിട്ടും ആളുകളെ മാറ്റിപ്പാർപ്പിക്കാനോ വേണ്ട മുൻകരുതലെടുക്കാനോ ദുരന്ത നിവാരണ അതോറ്റിക്ക് കഴിഞ്ഞില്ല. തൊടുപുഴ കുടയൂത്തൂരിൽ എൻഡിആർഎഫ് സംഘത്തിന് പെട്ടെന്ന് എത്താനായി. എന്നാൽ, ഉരുൾപൊട്ടലുണ്ടായ കോട്ടയത്ത് മൂന്നിടങ്ങളിലും എൻഡിആർഎഫ് എത്തിയില്ല. 

പത്തനംതിട്ടയിലേക്കും എൻഡിആർഎഫ് എത്തിയപ്പോഴേക്കും വൈകി. ഇന്നലെ രാത്രിയോടെ തന്നെ പല പഠന ഏജൻസികളും മധ്യകേരളത്തിന്റെ കിഴക്കൻ മേഖലകളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാദേശികമായി ശക്തമായ മഴ മുന്നറിയിപ്പ് ഏജൻസികൾ കൈമാറിയിരുന്നു. പക്ഷേ ദുരന്ത സാഹചര്യം മുൻകൂട്ടി കാണാൻ ഐഎംഡിക്കോ കെഎസ്ഡിഎംഎക്കോ കഴിഞ്ഞില്ല.

പത്തനംതിട്ട മലയോരമേഖലകളിൽ നിർത്താതെ മഴ പെയ്താൽ പമ്പയാർ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് മുന്നൊരുക്കം നടത്തിയതുമില്ല. ഐഎംഡിക്ക് പുറമേ മറ്റ് ഏജൻസികളിൽ നിന്ന് കൂടി വിവരം ശേഖരിക്കുന്ന കെഎസ്ഡിഎംഎ എന്ത് മുന്നൊരുക്കമാണ് നടത്തിയതെന്ന് വിശദീകരിക്കേണ്ടതുണ്ട്. 

നാടിനെ തകർത്ത മുണ്ടക്കൈ ദുരന്തമുണ്ടായ 2024 എൽ നിനോ വർഷമായിരുന്നു. ഇതും എൽ നിനോ വർഷം. അപ്രതീക്ഷിത അതിതീവ്ര മഴ ദിവസങ്ങൾക്ക് എൽ നിനോ വർഷങ്ങളിൽ സാധ്യതയേറെയാണ്. അലർട്ടുകൾക്ക് അതീതമായ ജാഗ്രത വേണ്ട സംസ്ഥാനത്ത് ജില്ലാ ഭരണകൂടങ്ങൾക്കും ദുരന്ത നിവാരണ അതോറിറ്റിക്കും സംഭവിച്ചത് കുറ്റകരമായ അനാസ്ഥയാണ്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.