ചെറുപുഴ: കണ്ണൂർ ചെറുപുഴ മീന്തുള്ളിയിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ തേജസ്വിനി പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ (38) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തേജസ്വിനി പുഴയ്ക്ക് നടുവിലുള്ള തുരുത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
രാജേഷ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് വനത്തിനുള്ളിലേക്ക് കയറിയിരിക്കാമെന്ന കുടുംബാംഗങ്ങളുടെ സംശയത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കേരള-കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനാതിർത്തിയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്നാണ് പുഴയിലെ തുരുത്തിൽ നിന്നും മൃതദേഹം കണ്ടെത്താനായത്.

