ശ്രീകണ്ഠാപുരം: കണ്ണൂർ പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ വണ്ണായിക്കടവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി ബാധ കണ്ടെത്തി. തോമസ് മതിലകം എന്ന കർഷകന്റെ ഫാമിലെ 35 പന്നികളാണ് രോഗം ബാധിച്ച് ചത്തത്. സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
രോഗം കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയാൻ പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള 10 കിലോമീറ്റർ പരിധിയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും മൃഗസംരക്ഷണ വകുപ്പും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടുത്ത മൂന്ന് മാസത്തേക്ക് പന്നിയിറച്ചി വിൽക്കുന്നതിനും പന്നികളെ കശാപ്പ് ചെയ്യുന്നതിനും കടത്തുന്നതിനും പൂർണ്ണ നിരോധനമുണ്ട്.
നിയന്ത്രണമുള്ള മേഖലകൾ:
പയ്യാവൂർ പഞ്ചായത്ത്
ഏരുവേശ്ശി, പടിയൂർ-കല്യാട്, ഇരിക്കൂർ, നടുവിൽ, ഉളിക്കൽ പഞ്ചായത്തുകൾ, ശ്രീകണ്ഠാപുരം നഗരസഭയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ പ്രദേശവാസികളും കർഷകരും ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ മൃഗസംരക്ഷണ വകുപ്പിനെ ഉടൻ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

