പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വ്യാജന്മാരെ സൂക്ഷിക്കുക! ഓണ വിപണി സജീവമായതോടെ പലയിടങ്ങളിലും ഒഴുകുന്നത്‌ മായം ചേര്‍ന്ന ശര്‍ക്കരയും വെളിച്ചെണ്ണയും

 


കൊല്ലം: ഓണ വിപണി സജീവമായതോടെ മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും വ്യാപകമായി വിപണിയിലെത്തുന്നു. പ്രത്യേകിച്ച്‌ ശർക്കരയ്ക്ക് കൂടുതല്‍ ആകർഷകമായ നിറം നല്‍കുന്നതിനായി ടാർട്രസിൻ, സണ്‍സെറ്റ് യെല്ലോ, ബ്രില്ലിയന്റ് ബ്ലൂ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ ചേർക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തി.ഭക്ഷ്യയോഗ്യമല്ലാത്തതോ അനുവദനീയമായ പരിധിക്ക് മുകളിലോ ഇത്തരം നിറങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുരുതര ഭീഷണിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

ദീർഘകാലം ഇത്തരം മായം കലർന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നത് കരള്‍, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനും ചില സാഹചര്യങ്ങളില്‍ അർബുദ സാധ്യത വർധിപ്പിക്കാനും ഇടയാക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കൊട്ടിയം, നെടുങ്ങോലം, കുളത്തൂപ്പുഴ, പാരിപ്പള്ളി, പടിഞ്ഞാറെ കല്ലട എന്നീ ഭാഗങ്ങളില്‍നിന്ന്‌ ശേഖരിച്ച ശർക്കരയിലാണ് കൃത്രിമ നിറമുള്ളതായി കണ്ടെത്തിയത്. വ്യാജ വെളിച്ചെണ്ണ വ്യാജ വിലാസത്തിലാണ്‌ വിപണിയില്‍ വിറ്റഴിയുന്നത്‌.

" കേര ഡയമണ്ട്'എന്ന പേരില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്‍പ്പന നടത്തിയത്‌ ശൂരനാടാണ്‌. ദേവി സ്റ്റോറില്‍ നിന്ന്‌ പരിശോധനയ്ക്ക് എടുത്ത കേരള ഡയമണ്ട് ബ്രാൻഡാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്‌. അന്വേഷണത്തില്‍ ഈ പാക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന ദാസ് ഓയില്‍ ഇൻഡസ്ട്രീസ്, യൂണിറ്റ് നമ്പർ 1/77, പാലക്കാട് എന്ന വിലാസവും വ്യാജമാണെന്ന് തെളിഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ നടത്തിയ പരിശോധനയിലാണ്‌ കണ്ടെത്തല്‍.

ചാക്കില്‍ ലേബല്‍ വിവരങ്ങള്‍ ഇല്ലാതെയാണ്‌ ശർക്കര വില്‍പ്പന. അതിനാല്‍ ഉല്‍പ്പാദകരെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. വില്‍പ്പന തകൃതിയായി നടക്കുന്ന ഓണക്കാലത്താണ്‌ ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം വ്യാജ സാധനങ്ങള്‍ ജില്ലയിലേക്ക്‌ ഒഴുകുന്നത്‌. നല്ല തിളങ്ങുന്ന നിറമുള്ള വടിവൊത്ത ആകൃതിയുള്ള ശർക്കര തേടിയെത്തുന്ന ഉപഭോക്താക്കളാണ്‌ മായമുള്ള ശർക്കര കൂടുതലും ഇവിടേക്ക്‌ എത്താനുള്ള പ്രധാന കാരണമെന്ന്‌ വ്യാപാരികളും ഭക്ഷ്യസുരക്ഷാ അധികൃതരും പറയുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.