കണ്ണൂർ: സൗദി ജയിലിൽ നിന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് ലക്ഷങ്ങൾ പിരിച്ചെടുത്ത് മോചിപ്പിച്ച മലയാളി യുവാവ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ പൊലീസ് പിടിയിലായി.
കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലക്കേസിൽ നിന്ന് ലഹരിക്കടത്തിലേക്ക് മുൻപ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തോളം ഫസലുദ്ദീൻ ജയിലിൽ കഴിഞ്ഞിരുന്നു.
ഇയാളുടെ കുടുംബത്തിൻ്റെ ദയനീയാവസ്ഥ കണ്ട് സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് പ്രത്യേക സമിതി രൂപീകരിക്കുകയും ഏകദേശം 80 ലക്ഷം രൂപയോളം മോചനദ്രവ്യമായി സമാഹരിച്ച് നൽകി.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഇയാളെ നാട്ടിലെത്തിക്കുകയുമായിരുന്നു.
നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലി ചെയ്യുകയാണെന്ന് ധരിപ്പിച്ചായിരുന്നു ഇയാൾ ലഹരിക്കടത്ത് നടത്തിയിരുന്നത്. ഓരോ തവണ കർണാടകയിൽ പോയി മടങ്ങുമ്പോഴും വലിയ തോതിൽ മയക്കുമരുന്ന് ഇയാൾ കേരളത്തിലേക്ക് കടത്തിയിരുന്നു.
കേരള പൊലീസിൻ്റെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡിന്റെ 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കർശന പരിശോധനയിലാണ് ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യസൂത്രധാരനായ ഫസലുദ്ദീൻ വലയിലാകുന്നത്. ഇയാളിൽ നിന്ന് വൻതോതിൽ ലഹരിമരുന്നുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

