പത്തനംതിട്ട: സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബറായ 'തൊപ്പി'ക്കെതിരേ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
തൊപ്പി എന്ന നിഹാദ് രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് പോലീസിന്റെ നീക്കം. നിഹാദിന്റെ പാസ്പോര്‍ട്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം നിഹാദിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല ദൃശ്യങ്ങളുടെ പ്രചരണം, ലൈംഗിക ചൂഷണം, പോക്‌സോ വകുപ്പുകള്‍ ചുമത്തപ്പെടാവുന്ന കുറ്റങ്ങള്‍ എന്നിവയാണ് നിഹാദിനും കൂട്ടാളികള്‍ക്കുമെതിരെ ഉയര്‍ന്നിട്ടുള്ളത്. നിഹാദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എറണാകുളം സെഷന്‍സ് കോടതിയില്‍ ആലുവ റൂറല്‍ സൈബര്‍ പൊലീസ് ശക്തമായി എതിര്‍ത്തു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയപ്പോള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയിച്ച ശേഷം നിഹാദ് ഒളിവില്‍ പോകുകയായിരുന്നു.
അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളും തര്‍ക്കങ്ങളും നിഹാദും അദ്ദേഹത്തിന്റെ 'എംആര്‍സെഡ്' ഗ്യാങ്ങിലെ അംഗങ്ങളായ മമ്മു (മുഹമ്മദ്), ഷമീര്‍ എന്നിവരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. നിഹാദ് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് പണം നല്‍കി കേസ് ഒതുക്കാറുണ്ടെന്നും ഇവര്‍ ആരോപിച്ചു. നിഹാദിന്റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുന്ന ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു.
കോഴിക്കോട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നിഹാദിന്റെ കൂട്ടാളിയായ മമ്മുവിനെ (മുഹമ്മദ്) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. യൂട്യൂബ് ലൈവിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിനാണ് കേസ്. ജൂണ്‍ 10-ന് നടന്ന ഒരു ലൈവ് സ്ട്രീമിംഗില്‍ യുവതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് മമ്മു, തൊപ്പി, ഷമീര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്. സമാനമായ മറ്റൊരു പരാതിയില്‍ ആലുവ പൊലീസും ഇവര്‍ക്കെതിരെ പുതിയ കേസെടുത്തിട്ടുണ്ട്.

