സംസ്ഥാനത്ത് പലയിടത്തും റേഷൻ കടകളുടെ പ്രവർത്തനം സ്‌തംഭിച്ചു. രാവിലെ മുതൽ പലയിടത്തും ഇപോസ് മെഷീൻ പ്രവർത്തന രഹിതമാണ്. റേഷൻ കടകളുടെ 12 മണി വരെയുള്ള പ്രവർത്തനം തടസപ്പെട്ടു. രാവിലെ റേഷൻ വാങ്ങാൻ എത്തിയവർ നിരാശരായി മടങ്ങി. വൈകുന്നേരത്തെ റേഷൻ വിതരണത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്.
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിനായി അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അർഹരായ റേഷൻ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ ecitizen.civilsupplieskerala.gov.in എന്ന സയിറ്റിലെ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുള്ള മുൻഗണനേതര വിഭാഗക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

