തളിപ്പറമ്പ് : കിണറ്റിൽനിന്ന് വെള്ളം കോരാൻ ശ്രമിക്കുന്നതിനിടെ ബക്കറ്റിലിരുന്ന മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ യുവതിക്ക് അദ്ഭുതരക്ഷ. തളിപ്പറമ്പ് മന്നയിൽ ബൈക്ക് വർക്‌ഷോപ് നടത്തുന്ന കുറുവക്കണ്ടത്തിൽ അഷറഫിന്റെ വീട്ടിലാണ് സംഭവം. ബക്കറ്റിൽ കോരിയെടുക്കുന്ന വെള്ളം അരിക്കാൻ അരിപ്പ ബക്കറ്റിൽതന്നെ സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ അഷ്റഫിന്റെ സഹോദരി ഹസ്നത്ത് വെള്ളം കോരുന്നതിനായി ബക്കറ്റിൽവച്ച അരിപ്പ എടുത്തപ്പോഴാണ് ബക്കറ്റിൽ പതുങ്ങിയിരുന്ന മൂർഖൻ പാമ്പ് പത്തിവിടർത്തി ചീറ്റിയത്.
ഉടൻതന്നെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഷ്റഫ് വനം വകുപ്പ് ഓഫിസിൽ വിവരമറിയിച്ചു. റേഞ്ച് ഓഫിസർ സനൂപ് കൃഷ്ണന്റെ നിർദേശ പ്രകാരം സ്നേക്ക് റെസ്ക്യൂവറായ സുചീന്ദ്രൻ മൊട്ടമ്മൽ എത്തി ബക്കറ്റിൽനിന്ന് ഒരുവയസ്സോളം പ്രായമുള്ള മൂർഖനെ പിടികൂടി. കിണറ്റിൽ വീണ മൂർഖൻ കയർവഴി ബക്കറ്റിൽ കയറിയതായിരിക്കുമെന്ന് സംശയിക്കുന്നു. മൂർഖനെ പിന്നീട് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.

