വടകര: വടകരയിലെ എംഡിഎംഎ ലഹരി സംഘങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയോളം രൂപയുടെ പണമിടപാട് നടത്തിയ കേസില്‍ ഡെലിവറി ബോയിയും അറസ്റ്റില്‍.ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) ആണ് പ്രത്യേക അന്വേഷക സംഘം എസ്‌ഐടിയുടെ പിടിയിലായത്.
ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതിന്റെ മറവിലാണ് ജിജിൻ ലഹരി ഇടപാടുകളും നടത്തിയിരുന്നത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതോടെ വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപികമാരാണ് നേരത്തെ പിടിയിലായത്.
പണമിടപാട് കേസില്‍ നേരത്തെ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ സി കീർത്തന (28) എന്നിവരുടെ സുഹൃത്തായ പേരാമ്പ്ര ബിആർസിയിലെ ട്രെയ്നറായ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പില്‍ നീഷ്മ (30) പിടിയിലായത്. ചൊവ്വാഴ്ചയാണ് നീഷ്മയെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്.
മൂന്ന് അധ്യാപികമാരും മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നും എംഡിഎംഎ ഉപയോഗിക്കുന്നവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

