കണ്ണൂർ: കനത്ത മഴയെ തുടർന്ന് മട്ടന്നൂർ കൊതേരിയിൽ കാറിന് മുകളിൽ മരം കടപുഴകി വീണു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൊതേരി ഭഗവാൻ പീടികയ്ക്ക് സമീപത്താണ് അപകടം ഉണ്ടായത്. റോഡരികിലുണ്ടായിരുന്ന കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീഴുന്നതിനിടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിന് മുകളിൽ പതിച്ചത്. മരത്തിന്റെ ചില ശിഖരങ്ങളാണ് കാറിന് മുകളിൽ വീണത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് റോഡിലെ തടസ്സം നീക്കാനായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

