പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; 52 ദിവസത്തിന് ശേഷം ബോട്ടുകൾ വീണ്ടും കടലിലേക്ക്

 


സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇതോടെ നീണ്ട കാലത്തിന് ശേഷം മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക് ഇറങ്ങും. 

സമൃദ്ധമായ മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പുതിയ സീസണിനെ വരവേൽക്കുന്നത്."കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര തുടങ്ങിയ ഹാർബറുകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. 

ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണികൾ, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി.

വെള്ളിയാഴ്ച രാവിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിന് സമീപത്തേക്ക് മാറ്റും. രാത്രി 12 മണിക്ക് ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ പാലത്തിൽ സ്ഥാപിച്ചിരുന്ന ചങ്ങല മാറ്റി ബോട്ടുകൾ കടലിലേക്ക് യാത്രതിരിക്കും.

മത്സ്യബന്ധനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഐസ് പ്ലാന്റുകളും മറൈൻ ഇന്ധന പമ്പുകളും പൂർണ സജ്ജമായി പ്രവർത്തനം ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകളിലേക്ക് ഐസും ഇന്ധനവും എത്തിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.


ഓരോ ബോട്ടും കടലിലേക്ക് ഇറക്കാൻ നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവാകുന്നുണ്ടെന്ന് ബോട്ട് ഉടമകൾ പറയുന്നു. 52 ദിവസത്തെ തൊഴിൽ നഷ്ടത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ പുതിയ സീസണിലേക്ക് കടക്കുന്നതെന്നും അവർ പറയുന്നു.

അതേസമയം, ട്രോളിങ് നിരോധന കാലത്ത് തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകൾ കേരളത്തിന്റെ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന പരാതിയും ബോട്ട് ഉടമകൾ ഉയർത്തി. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിക്ക് പുറത്തുള്ള മേഖലകളിൽ ഫലപ്രദമായ പരിശോധന നടന്നില്ലെന്നും ഇതുമൂലം മത്സ്യസമ്പത്തിന് തിരിച്ചടി നേരിട്ടെന്നും അവർ ആരോപിച്ചു.

ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ വിപണിയിൽ മത്സ്യലഭ്യത വർധിക്കുമെന്നും നിലവിൽ ഉയർന്നിരിക്കുന്ന മീൻവിലയിൽ കുറവ് ഉണ്ടാകുമെന്നും മത്സ്യവ്യാപാരികളും പ്രതീക്ഷ പ്രകടിപ്പിച്ചു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.