പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; കൊച്ചി അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

 


കൊച്ചി: കത്രിക്കടവിലെ അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായ ഭക്ഷ്യവിഷബാധ സംഭവത്തില്‍ ചികിത്സയിലുള്ള മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു.

ഈ മാസം 10, 11 തീയതികളില്‍ റെസ്റ്റോറന്റില്‍ നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ള ഭക്ഷണം കഴിച്ച അൻപതോളം പേർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

വയറുവേദന, ഛർദ്ദി, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് നിരവധി പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആദ്യഘട്ടത്തില്‍ പരിശോധിച്ച 15 സാമ്പിളുകളില്‍ നിന്നാണ് മൂന്ന് പേരില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ആർ. ശ്രീകേഷ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അല്‍ റീം റെസ്റ്റോറന്റില്‍ അടിയന്തര പരിശോധന നടത്തി. പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണസാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, പുണിത്തുറ സ്വദേശിയുടെ പരാതിയില്‍ നോർത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നിന്നാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ വിശദമായ ശാസ്ത്രീയ പരിശോധനകള്‍ പൂർത്തിയായ ശേഷമേ രോഗബാധയുടെ യഥാർഥ ഉറവിടം വ്യക്തമാക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.