കണ്ണൂർ: കോഴിക്കോട്- മംഗലാപുരം ട്രെയിനിലെ യാത്രക്കാരനില്‍ നിന്നു മൊബൈല്‍ ഫോണ്‍ കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവിനെ കണ്ണൂർ റെയില്‍വേ പോലീസ് അതിവേഗ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു.
മാടായി സ്വദേശിയായ വിജു വാണ് (37) പിടിയിലായത്. കണ്ണൂർ റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ കണ്ണൂരില്‍ നിന്ന് കയറിയ കാസർഗോഡ് സ്വദേശിയായ മധ്യവയസ്കനാണ് മോഷണത്തിനിരയായത്.
യാത്രക്കാരൻ ഒരു കവറിലാക്കി സീറ്റില്‍ വെച്ചിരുന്ന ഫോണ്‍ കണ്ണൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ വിജുവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
തുടർന്ന് ട്രെയിൻ സ്റ്റേഷനില്‍ നിന്നും പുറപ്പെടാൻ തുടങ്ങിയതോടെ ഇയാള്‍ മൊബൈല്‍ ഫോണടങ്ങിയ കവറുമെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഓടുകയായിരുന്നു.
ഫോണ്‍ നഷ്ടപ്പെട്ട ഉടൻ തന്നെ യാത്രക്കാരൻ റെയില്‍വേ കണ്‍ട്രോള്‍ റൂമിലും റെയില്‍വേ പൊലീസിലും പരാതി നല്‍കി.
ഉടൻ തന്നെ റെയില്‍വേ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കാണാതായ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ അത് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് തന്നെയാണെന്ന് വ്യക്തമായി.
പ്രതി കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നതെന്ന യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷൻ പരിസരത്ത് പരിശോധന ശക്തമാക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലില്‍ രാത്രി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വെച്ച് തന്നെ വിജുവിനെ പൊലിസ് വളഞ്ഞുപിടിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

