കണ്ണൂർ: ധർമ്മടം ചാത്തോടത്ത് തനിച്ചു താമസിച്ചിരുന്ന വയോധികയുടെ മൂന്നു പവൻ മാല കവർന്ന കേസിൽ പ്രതികളെ ധർമ്മടം പൊലീസും തലശ്ശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്ന് മംഗളൂരുവിൽ നിന്നും പിടികൂടി. ധർമ്മടം സ്വദേശി മുഹമ്മദ് യാസിൻ (20), തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ് (22) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോയെന്ന് ചോദിച്ചെത്തിയ പ്രതികൾ വയോധികയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കവർച്ച ചെയ്ത മാല വിറ്റ ശേഷം കാസർകോട്ടുനിന്ന് വാഹനം വാടകയ്‌ക്കെടുത്ത് പ്രതികൾ മംഗളൂരു ഭാഗത്തേക്ക് പേവുകയാണ് ഉണ്ടായത്. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സംഘം കാസർകോട്, സൂറത്ത്കൽ, മംഗലാപുരം ഭാഗങ്ങളിൽ ടീമുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് മംഗളൂരു സൂറത്ത്കലിൽ നിന്ന് പ്രതികളെ പിടികൂടിയത്. മുഹമ്മദ് അനസിന് തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ഒരു കേസും മുഹമ്മദ് യാസിന് കോഴിക്കോട് റെയിൽവെ പൊലീസിൽ ഒരു കേസുമുണ്ട്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി, തലശ്ശേരി എഎസ്പി എം. നന്ദഗോപൻ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ അനുരൂപ്, സി.പി.ഒ.മാരായ ഹരിനാഥ്, സഗേഷ്, സിസിൽ സായൂജ്, ശ്രീലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതതിനു ശേഷം തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

