തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനും വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്താനും ലക്ഷ്യമിട്ട് മൂന്ന് പ്രത്യേക കിറ്റുകള്‍ പുറത്തിറക്കാൻ സപ്ലൈകോ തീരുമാനിച്ചു.
ഓണക്കാലത്തെ വിലക്കയറ്റം പേടിക്കാതെ ഇത്തവണത്തെ ഓണം ഗംഭീരമാക്കാം. സാധാരണക്കാരുടെ കുടുംബ ബജറ്റിന് ഇണങ്ങുന്ന രീതിയിൽ 3 പ്രത്യേക കിറ്റുകളാണ് സപ്ലൈകോ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ കിറ്റുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ലാഭം എത്രയാണെന്ന് നോക്കാം:
1. അത്തം കിറ്റ്
കിറ്റിലെ സാധനങ്ങളുടെ യഥാർത്ഥ വില: ₹1,280
നിങ്ങൾക്ക് ലഭിക്കുന്ന വില: ₹1,000
നിങ്ങളുടെ ലാഭം: ₹280
2. ഉത്രാടം കിറ്റ്
കിറ്റിലെ സാധനങ്ങളുടെ യഥാർത്ഥ വില: ₹1,880
നിങ്ങൾക്ക് ലഭിക്കുന്ന വില: ₹1,500
നിങ്ങളുടെ ലാഭം: ₹380
3. തിരുവോണം കിറ്റ്
കിറ്റിലെ സാധനങ്ങളുടെ യഥാർത്ഥ വില: ₹2,540
നിങ്ങൾക്ക് ലഭിക്കുന്ന വില: ₹2,000
നിങ്ങളുടെ ലാഭം: ₹540
കിറ്റിൽ എന്തൊക്കെയുണ്ട്?
അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസം മിക്സ് തുടങ്ങി ഓണത്തിന് ആവശ്യമായ എല്ലാ പ്രധാന പലചരക്ക് സാധനങ്ങളും ഈ കിറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നു. എല്ലാ ഇനം അരിയ്ക്കും കിലോഗ്രാമിന് അഞ്ച് മുതല്‍ 10 രൂപ വരെ വർധിച്ചിട്ടുണ്ട്. അരിവില വർധിക്കുന്നതിന് അനുസരിച്ച് ഹോട്ടല്‍ ഭക്ഷണ സാധനങ്ങള്‍, പലഹാരങ്ങള്‍, മറ്റ് അനുബന്ധ സാധനങ്ങള്‍ എന്നിവയുടെ വിലയും ഉയരും.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയുടെ വരവിലുണ്ടായ കുറവും, ചരക്കുകൂലിയും ലോറി വാടകയും കുത്തനെ ഉയർന്നതുമാണ് അരിവില വർധിക്കാനുള്ള പ്രധാന കാരണങ്ങള്‍ (ട്രക്കിന് നല്‍കേണ്ട വാടകയില്‍ 10,000 മുതല്‍ 20,000 രൂപയുടെ വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്). കൂടാതെ, അരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് താഴ്ന്നതും നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചു.
നിലവില്‍ നെല്ലിന്റെ സ്റ്റോക്ക് കുറവായതിനാല്‍ അടുത്ത വർഷത്തേക്ക് കർഷകർ നെല്ല് സൂക്ഷിച്ചുവെക്കുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഇതിനുപുറമേ, ഓണച്ചന്തയിലേക്ക് സർക്കാർ വലിയ തോതില്‍ അരി സംഭരിക്കുന്നതും വിപണിയിലെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
ഈ വിലക്കയറ്റത്തെ തുടർന്ന് പ്രധാന അരികളുടെ പുതിയ വിലനിലവാരം ഇങ്ങനെയാണ്.
പൊന്നി അരി 48-50 രൂപയില്‍ നിന്ന് 56-70 രൂപയായി ഉയർന്നു; കോല അരി 61 രൂപയില്‍ നിന്ന് 71 രൂപയായി കുതിച്ചുയർന്നു. തമിഴ്നാട് കുറുവ്വ 35 രൂപയില്‍ നിന്ന് 40 രൂപയായി; ആന്ധ്ര കുറുവ്വ 40 രൂപയില്‍ നിന്ന് 42 രൂപയായി; ജയ അരി നാല് രൂപ വർധിച്ച് 46 രൂപയിലെത്തി; ബംഗാള്‍ സ്വർണ 35.50 രൂപയില്‍നിന്ന് 37 രൂപയായി വർധിക്കുകയും ചെയ്തു.

