സിക്കിം: നാംചി ജില്ലയില്‍ ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തില്‍ കാണാതായ മലയാളി മരിച്ചു.
കോട്ടയം പാമ്പാടി കൂരോത്തുപറമ്പില്‍ അനീഷ് മോഹൻ (43) ആണ് മരിച്ചത്.എൻ.എച്ച്.പി.സി സിക്കിം യൂണിറ്റിന്റെ മാനേജരായിരുന്ന അനീഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
കാണാതായവർക്കായി നടന്ന തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സമർദുങ്ങിലെ ഹെഡ് റേസ് ടണലിനുള്ളില്‍ വൻ സ്ഫോടനം ഉണ്ടായത്. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തെ തുടർന്ന് തുരങ്കത്തിനുള്ളില്‍ വിഷവാതകവും കനത്ത പുകയും നിറഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമായി.അപകടസമയത്ത് 27 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 21 പേർ കരാർ കമ്പനിയായ പട്ടേല്‍ എൻജിനീയറിംഗിലെ ജീവനക്കാരും ആറ് പേർ എൻ.എച്ച്.പി.സി ഉദ്യോഗസ്ഥരുമായിരുന്നു.
അപകടത്തില്‍ 20-ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ബുധനാഴ്ച രാത്രിയോടെ ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. അതിനുശേഷം തുടർന്ന തെരച്ചിലാണ് അനീഷ് ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷനല്‍ ഹൈഡ്രോ പവർ കോർപറേഷന്റെ പ്രധാന പദ്ധതികളില്‍ ഒന്നാണ് ടീസ്റ്റ സ്റ്റേജ്.

