കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. എൻജിനീയറിങ് കോളജ് വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
വിദ്യാർത്ഥി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളജിലെ നാല് വിദ്യാർത്ഥികള്‍ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.
കോളജ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില്‍ ഒരാള്‍ കോളജ് ഹോസ്റ്റലിലും മറ്റ് മൂന്ന് പേർ പുറമേയും താമസിക്കുന്നവരാണ്.
ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. കോളജിലും പരിസരത്തും ശുചീകരണവും ബോധവത്കരണവും നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കി.
ഇതിന് പിന്നാലെ കൊച്ചിയിലും ഷിഗെല്ല കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. നടത്തിയ പരിശോധനകളിലാണ് രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് കണ്ടെത്തിയത്.

