പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂര്‍ വിമാനത്താവളത്തില്‍ ‘വിമാന റാഞ്ചികളെ കീഴ്‌പ്പെടുത്തി സുരക്ഷാ സേനകള്‍’; വിമാനത്താവളത്തിൽ മോക്ഡ്രിൽ നടത്തി

 


കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 54 യാത്രക്കാരുമായി പുറപ്പെട്ട വി ടി എ 320 വിമാനത്തിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ്. ചൊവ്വാഴ്ച രാവിലെ 10.49ന് അപ്രതീക്ഷിതമായി റണ്‍വേയിലേക്ക് പറന്നിറങ്ങിയ വിമാനം വിമാനത്താവള അധികൃതര്‍ക്ക് സമ്മാനിച്ചത് ആശങ്കയുടെ നിമിഷങ്ങള്‍.


സുരക്ഷാ പരിശോധനകളുടെ ഭാഗമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ മോക്ഡ്രില്ലിലായിരുന്നു ഉദ്യോഗസ്ഥരെയും യാത്രക്കാരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്.

വിമാനം റണ്‍വേ ലക്ഷ്യമാക്കി വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജാഗ്രതയിലായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സംവിധാനത്തിലേക്ക് ഉടന്‍ തന്നെ വിമാന റാഞ്ചികളുടെ സന്ദേശവുമെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കണമെന്നും വന്‍ തുക മോചനദ്രവ്യം വേണമെന്നുമായിരുന്നു വിമാന റാഞ്ചികളുടെ ആവശ്യം. പിന്നീട് വിമാനത്താവളത്തില്‍ നടന്നതെല്ലാം ഉദ്വേഗം നിറഞ്ഞ സംഭവവികാസങ്ങളായിരുന്നു.


ഉടന്‍ തന്നെ കര്‍മനിരതരായ എന്‍ എസ് ജി, സി ഐ എസ് എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങള്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജരായി. യാത്രക്കാരും ജീവനക്കാരുമെല്ലാം അമ്പരന്നു നിന്ന നിമിഷങ്ങളില്‍ പഴുതടച്ച സുരക്ഷയുടെയും പ്രതിരോധത്തിന്റെയും കാഴ്ചകള്‍ക്കായിരുന്നു വിമാനത്താവളെ സാക്ഷ്യം വഹിച്ചത്.


നിമിഷങ്ങള്‍ക്കകം കണ്‍ടോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. തന്ത്രപരമായ ഇടപെടലുകളിലൂടെയും കൃത്യമായ ഏകോപനത്തിലൂടെയും റാഞ്ചികള്‍ക്ക് കീഴടങ്ങാന്‍ അനുമതി നല്‍കുകയും ബന്ദികളായ മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തതോടെയാണ് മോക് ഡ്രില്‍ അവസാനിച്ചത്.


വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത, പ്രതികരണ വേഗത, വിവിധ ഏജന്‍സികളുടെ മിന്നല്‍ വേഗത്തിലുള്ള ഏകോപനം എന്നിവയാണ് മോക് ഡ്രില്ലില്‍ കരുത്തായി മാറിയത്. പ്രത്യേക മീഡിയ സെല്‍ വഴിയുള്ള വിവരവിനിമയ സംവിധാനവും ഇതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.

എഡിഎം പി.എന്‍ പുരുഷോത്തമന്‍, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് നിധിന്‍ കുമാര്‍ ത്യാഗി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അശ്വിനി കുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി സതീഷ് ബാബു, ചൈന്നെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി ശിവകുമാര്‍ പാണ്ഡെ, എന്‍എസ്ജിയിൽ നിന്നും മേജര്‍ അതിരാജ് ഖാര്‍ബ്, പോലിസ്, അഗ്നിരക്ഷാ സേന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.