തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല. അനാവശ്യ യാത്രകൾ ഒഴിവാക്കി ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
അതേസമയം, ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
*ജാഗ്രതാ നിർദേശങ്ങൾ:*
- അധികൃതരുടെ നിർദേശമനുസരിച്ച് അപകട മേഖലകളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുത്.
- ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസവും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരവും കടലിലെ വിനോദങ്ങളും ഒഴിവാക്കണം.
- മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും മത്സ്യബന്ധന ഉപകരണങ്ങൾ സംരക്ഷിക്കുകയും വേണം.
- തീരശോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കുക.

