സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ ജാഗ്രതാ നിർദേശം നല്‍കി.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ ജാഗ്രതാ നിർദേശം നല്‍കി. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടും കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

